Dec 22, 2011

ORU DINATHINTE KURIPPUKAL(TECH FEST 2010)

പുറത്താകെ മഴയുടെ ആരവം.ശബ്ദകോലാഹലങ്ങളുടെ നടുവില്‍ ഞങ്ങള്‍ രണ്ടുപേര്‍ നിശബ്ദരായി ഏവരെയും വീക്ഷിക്കുകയാണ് .ഇടനാഴിയിലുടെ തലങ്ങും വിലങ്ങും  ആരൊക്കെയോ നടന്നുപോകുന്നു.സാന്ദ്രമായ സംഗീതമായിരുന്നു ചില സമയങ്ങളില്‍ ഞങ്ങള്‍ കേട്ടത്.സംഗീതം ഒരു ഔഷധമാനെന്ന  സങ്കല്‍പം അനുഭവിക്കുകയാരുന്നു ഞങ്ങളവിടെ.എവിടെ നിന്നാണ് മ്യൂസിക്കിന്റെ  ഉത്ഭവമെന്ന് മനസ്സിലായില്ല.സാങ്കേതികതയും വിജ്ഞാനവും ഒന്നിച്ചു കൈകോര്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ വിജ്ഞാനം ശകലം മാത്രം, സാങ്കേതികവിദ്യ ശൂന്യം;ഈയൊരവസ്ഥ തികച്ചും വേദനാജനകം.എന്നിരുന്നാലും എല്ലാം കാണുക അറിയുക ;വിജ്ഞാനം വളര്‍ത്തുക;ഇവ മാത്രമേ നമുക്കിപ്പോള്‍ ചെയ്യാനാകു എന്ന സത്യം മാത്രം മനസ്സിലാക്കി.
                           കോളേജ് സമുച്ചയത്തിന്റെ ഇടനാഴികളില്‍ മത്സരങ്ങളുടെ താളം മാത്രം പ്രതിധ്വനിക്കുന്നു.പിന്നെയും പിന്നെയും ചടുലതാളങ്ങളുടെ സംഗീതം മാത്രം എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.മാസ്മരികത നിറഞ്ഞു നിന്ന ഗാനങ്ങളുടെ ഈണത്തില്‍ ഞാന്‍ ലയിച്ചിരുന്നു.ചില  സമയങ്ങളില്‍ ചന്കിടിപ്പിക്കുന്ന രീതിയിലായിരുന്നു സംഗീതം.അവിടെ സംഗീതത്തിന്റെ ഭയാനകതയും മനസ്സിലായി.ചില ചോദ്യ ശരങ്ങള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.എല്ലാത്തിനും ഉത്തരങ്ങള്‍ നല്‍കി കഴിഞ്ഞപ്പോള്‍ പിന്നെയും നിശബ്ദത.മഴ പൂര്‍വാധികം ശക്തി പ്രാപിക്കാന്‍ തുടങ്ങി.ചാറ്റലായി മഴവെള്ളം അകത്തേക്ക് തെറിച്ചു.തറയില്‍ കിടന്ന വെള്ളം പിന്നെയും പ്രകൃതിയെ പ്രതിഫലിപ്പിക്കുന്നുണ്ടായിരിന്നു .
                    എന്റെ അടുത്തിരുന്നു അവളും മഴയെ ശ്രദ്ധിച്ചോ?ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്തൊക്കെയോ വായിക്കുകയായിരുന്നു.ഞാനും അല്‍പസമയം ആ പേജുകളിലേക്ക് തലപൂഴ്ത്തി.പരസ്പരം കലഹിച്ചും കളിയാക്കിയും പലരും ആ സമയം മുമ്പിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.സംഗീതം നിലച്ചകാര്യം ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ആരൊക്കെയോ ഞങ്ങളെ സൂക്ഷിച്ചു നോക്കിപ്പോയി.എന്താ കാര്യമെന്നോര്‍ത്തു ഞങ്ങളും അവരെ നോക്കി.സംശയങ്ങള്‍ക് തെല്ലും കുറവില്ലായെന്നു  മനസ്സിലാക്കി  തരുവാനെന്നവണ്ണം  പിന്നെയും ചോദ്യങ്ങള്‍.എല്ലാത്തിനും ഉത്തരം നല്‍കി വെള്ളം കുടിച്ചിരിക്കുമ്പോള്‍ പിന്നെയും സംഗീതത്തിന്റെ അലയടികള്‍ എന്നെ പുല്‍കി.ഇടക്യല്പം മൂളിപ്പാട്ടുമായി ഞാനും കൂടി.ബിഥോവന്റെ സംഗീതമായിരുന്നു ആ സമയങ്ങളില്‍ എന്റെ മനസ്സുനിറയെ.അന്തരീക്ഷത്തിലെ ഓരോ തന്മാത്രകളിലും ആ സംഗീതം പ്രതിധ്വനിക്കുന്നതായി തോന്നി.ചവിട്ടുപടികള്‍ കയറുമ്പോള്‍ അനൌന്‍സ്മെന്റുകളുടെ പ്രവാഹമായിരുന്നു.തിക്കിലും തിരക്കിലും പെടാതെ ഒഴിഞ്ഞുമാറി നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളികേട്ട്.തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ എന്റെ അരികിലേക്ക് ഓടിവരികയായിരുന്നു.ഞങ്ങളൊരുമിച്ചു എക്സിബിഷന്‍ ഹാളുകള്‍ കയറിയിറങ്ങി.സ്ടാളുകളുടെ വൈവിധ്യത്തില്‍ അതിശയിച്ചുനിന്നു.ഒടുവില്‍ വിയര്‍തുകുളിച്ചു  പടികളിറങ്ങുമ്പോള്‍ ശ്രുതിമധുരമായ ഗീതങ്ങള്‍ എന്റെ കാതുകളില്‍ വന്നലച്ചു.ഒരു കുളിര്‍കാറ്റായി  അതെന്നെ തഴുകിപ്പോയി. കുറെ ദൂരം ഞാനും അവളും കൈകോര്‍ത്തു പിടിച്ചുനടന്നിരുന്നു.അപ്പോഴൊന്നും ഏകാന്തത എന്നെ തെല്ലും അലട്ടിയിരുന്നില്ല.കുറച്ചു വര്‍ഷങ്ങള്‍ പിന്നോട്ട് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
          അന്നത്തെ ഇടവേളകളില്‍ എന്റെ വിരല്‍ മടക്കിയൊടിച്ചു വാതോരാതെ ആരോ സംസാരിച്ചിരുന്നു.അവളുടെ നിശ്വാസം എന്റെ കാതില്‍ വന്നു തൊടുമ്പോള്‍ ഞാന്‍ ശകാരിച്ചിരിക്കണം. എനിക്കല്പം സ്വസ്ഥത തരുമോ എന്ന് ചോദിക്കുമ്പോള്‍ മാത്രം അവള്‍ നിര്‍ത്തുമായിരുന്നു.ഞങ്ങളൊരുമിച്ചു പാട്ടുകള്‍ പാടിയിരുന്നു.കലഹിച്ചിരുന്നു.ഇണക്കങ്ങള്‍ പിണക്കങ്ങളായി മാറിയിരുന്നു.വേദികള്‍ കീഴടക്കി അവള്‍ എന്റെ മുമ്പില്‍ ജ്വലിച്ചിരുന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പുറത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നു.അവള്‍ ചിരിച്ചുകൊണ്ട് എന്റെ മുന്‍പില്‍ നിന്നും നടന്നുനീങ്ങി.....
                                ഒരുതുള്ളി മഴവെള്ളം എന്റെ കണ്ണിനു മുകളില്‍ പതിച്ചപ്പോഴാണ് ഞാന്‍ പരിസര ബോധം വീണ്ടെടുത്തത്.കണ്ണിലെ കൃഷ്ണമണികള്‍ ഉരുട്ടി അവളെന്നോട് ചോദിച്ചു "നീ എന്താ ആലോചിക്കുന്നത്?"
ഒന്നുമില്ലെന്ന മറുപടിയിലും എന്തെല്ലാമോ ഉണ്ടായിരുന്നു.അവള്‍ ഷാള്‍ കൊണ്ട് എന്റെ തല തോര്‍തിതന്നു.വീണ്ടും പാട്ടുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു.ഇല്ല.കേള്‍ക്കുന്നില്ല.എവിടെ വച്ചോ അതെന്നെ വിട്ടുപോയിരുന്നു.പക്ഷെ അമ്പരപ്പിക്കുംവണ്ണം അതെന്നിലേക്ക് തിരിച്ചുവന്നു,അവളിലൂടെ.അതെങ്ങനെയെന്നോ?ഞങ്ങളുടെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ സംഗീതത്തെക്കുരിചായിരുന്നു.ഗാനങ്ങളുടെ ആത്മാവിനെ ഞാന്‍ മനസ്സിലാക്കിയത് അവളില്‍ നിന്നാണ്.ഹൃദയത്തിന്റെ തന്ത്രികള്‍ മീട്ടി അതെനിക്ക് ഉണര്‍വേകി.
                     പ്രകൃതിയുടെ പച്ചപ്പുപോലെ മനസ്സിനെ ആര്‍ദ്രമാക്കുന്ന കണങ്ങളായി അതെന്നിലേക്ക് പതിച്ചു.വാനില്‍ വിരിഞ്ഞ മഴവില്ല്  കണ്ണിനെ കോരിത്തരിപ്പിക്കും പോലെ...മഴവില്ലിന്റെ നീലനിറം ആകാശമാകെ പടര്‍ന്നിരിക്കുന്നു.മലനിരകളെ നീലക്കമ്പിളിയാല്‍  പുതച്ചിരിക്കുന്നു.മേഘപടലങ്ങള്‍ അവളുടെ മുടി മെടഞ്ഞതുപോലെ മനോഹരമായിരുന്നു.പുലര്കാലതിന്റെ കളകൂജനങ്ങള്‍ അവളെ ഉണര്‍ത്താറില്ല.എന്നാല്‍ എന്റെ സ്വരം അവള്‍ക്ക്  പ്രഭാതമായിരുന്നു.വഴിയോരത്തെ മണ്ണില്‍ കാലുകള്‍ കുടഞ്ഞും പൊളിഞ്ഞ പാലത്തില്‍ കൈകോര്‍ത്തുനടന്നും  എത്രയെത്ര ദിവസങ്ങള്‍...മേല്കൂരയിലെ കിളിവാതിലിലൂടെ കുറുകി പറന്ന പ്രാവുകളെ നോക്കി ഞങ്ങള്‍ നടന്നു.അവളുടെ സ്വരം ഇടയ്കിടെ ഉയര്‍ന്നും താഴ്ന്നും എന്റെ ചെവിയില്‍ വന്നലച്ചുകൊണ്ടിരുന്നു.ഇമ്പമാര്‍ന്ന ഈണം പോലെ ഞാനത് ശ്രദ്ധിച്ചു.പുഞ്ചിരിച്ച മുഖവുമായി കണ്മഷി പരന്ന കണ്ണുകളിലൂടെ അവള്‍ എന്റെ മുഖത്തോട്ടു നോക്കി.എന്റെ പരിഭവങ്ങള്‍ ആരാഞ്ഞും ചിലപ്പോഴൊക്കെ എന്നെ അരിശപ്പെടുത്തിയും  ക്യാമ്പസിന്റെ സിരകളിലൂടെ അവളെന്നോടൊപ്പം ഒഴുകി. 
                                  നടന്നു തളര്‍ന്നു ഞങ്ങള്‍ അടുത്തുള്ള ബെഞ്ചില്‍ ഇരുന്നു.അവളുടെ നീളമുള്ള തലമുടി തലോടി ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു.കൊച്ചുവര്‍ത്തമാനം മുതല്‍ ആഗോളസംരംഭങ്ങള്‍ വരെ അതില്‍ വിഷയമായി വന്നു.എന്നാല്‍ അവളതില്‍ തീരെ താല്പര്യം കാണിച്ചില്ല.അതെന്നെ നിരുല്‍സാഹപ്പെടുത്തി.സംഗീതത്തിന്റെ ലോകത്തേക്ക്  പിന്നെയും എന്റെ ശ്രദ്ധ തിരിച്ചുപോയി.ഒരു തേനീച്ച മൂളിപ്പാട്ടുമായി എനിക്ക് ചുറ്റും പറന്നുനടന്നു.ആടിയുലഞ്ഞ ഇളം ചില്ലകള്‍ തരളിതമായ ശ്രുതി മീട്ടുകയായിരുന്നു.കുയില്‍ തന്റെ സ്വരമാധുര്യം നേര്‍ത്ത തെന്നലായി എങ്ങുനിന്നോ പുറപ്പെടുവിച്ചു.പാറിനടന്ന അപ്പൂപ്പന്‍ താടികളെ കാറ്റ്  എവിടെക്കാ കൊണ്ടുപോകുന്നത്? ഞാന്‍ കൈ നീട്ടിനോക്കി.ഒന്നുപോലും തൊടാന്‍ പറ്റുന്നില്ല.പ്രകൃതി അതിസുന്ദരിയായി എന്നെ ആശ്ചര്യപ്പെടുതുകയാണ് ...   അവളുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളുണ്ടോ ?നിരഞ്ഞുതുലുംബുന്ന മന്‍കുടത്തിലും ഒഴുകിനെങ്ങുന്ന മീനുകളിലും വറ്റിവരണ്ട പുഴകളിലും  നിശബ്ദതയുടെ താഴ്വാരങ്ങളിലും സുന്ദരമായ ഭൂമിയുടെ അംശങ്ങള്‍ പറ്റിച്ചെര്‍ന്നിരിക്കുന്നു.

ആകാശത്ത് മഴമേഘങ്ങള്‍ ഇരുണ്ടുകൂടി.മിന്നല്‍പിണര്‍ പാഞ്ഞുപോയ നടുക്കത്തില്‍ ഞങ്ങള്‍ ചാടിയെഴുന്നേറ്റു.കുടക്കീഴില്‍ നടന്നുപോകുമ്പോള്‍ ആകാശത്തിന്റെ ഒരു കോണില്‍ ഇന്ദ്രധനുസ്സു അതിന്റെ ഇതളുകള്‍ വിടര്‍ത്തി വിരിയുകയായിരുന്നു.
                           സുദീര്‍ഘമായ ദിവസത്തിന്റെ പര്യവസാനം......         
                   
                                

Apr 24, 2011

NISHAYUDE NILAAVU

     അമ്പിളിമാമന്‍ ചിരിച്ചു നിന്നു.ചുറ്റും പുകയുടെ നേരിയ മറവ്‌.രാത്രിയുടെ നിശബ്ദതയില്‍ ചീവിടുകള്‍ കോലാഹലമുണ്ടാക്കുന്നു .പിന്നെയും വേറെതൊക്കെയോ ജീവികള്‍. ഈ പാതിരാക്ക്‌ ഞാനിവിടെ കണ്ണും തുറന്നു ഇരിക്കനത് എന്തിനാന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ചിലപ്പോള്‍ രാത്രിയുടെ സുഗന്ധം അറിയാനാകും.ജനാല പതിയെ തുറന്നു....മാവിന്റെ ഇലകള്‍ എന്നെ നോക്കി ചിരിക്കുന്നു!!!!      ഇടയ്ക്കു പേടിപ്പെടുത്തുന്ന ഓരിയിടലുകള്‍##  കരിയിലകളുടെ അനക്കങ്ങള്‍**   കഥകളില്‍ മാത്രം കേട്ടിട്ടുള്ള യക്ഷികള്‍ സാരിയുടുത്ത് അതിലെയും ഇതിലെയും നടക്കുന്നുണ്ടോ??? ഏയ്‌......... പിന്നെ...അവര്‍ക്കിതല്ലേ പണി"" നിശാഗന്ധിയുടെ മണം മൂക്കിലേക്ക് അടിച്ചുകേറുന്നു. ഹുര്ര്ര്ര്‍........ഹയ്.....!!!! ആരാ ഈ കെടന്നു കൂര്‍ക്കം വലിക്കണത്.?  അടുത്ത മുറീന്നാണോ ??  ചെന്നുനോക്കണോ....വേണ്ടയോ...ഓ..തല്ക്കാലം വേണ്ട.ഇങ്ങനെ  പുറത്തേക്ക് നോക്കിയിരിക്കാന്‍ എന്താ രസം..
                  പെട്ടന്ന് ക്ലോക്കില്‍ പന്ത്രണ്ടടിച്ചു. ഞെട്ടിപ്പോയി.!! ഇപ്പോഴും താഴെ  തെരുവില്‍ വണ്ടികള്‍ ഓടുന്നു.തണുത്ത കാറ്റ് ഒഴുകി പരന്നു./////  മഴക്കുള്ള ലക്ഷണമാണോ? തെരുവുവിളക്ക് മങ്ങാതെ കത്തിക്കൊണ്ടിരിക്കുന്നു.
                                ഒരു പാട്ട് പാടണമെന്ന്  തോന്നുന്നുണ്ട്. പക്ഷെ മറുപടി ചെവിയില്‍ കിട്ടുമോ കയ്യില്‍ കിട്ടുമോ എന്നോരാശങ്കയില്‍ നിന്നു  ഉടലെടുത്ത ഭയം എന്നെ തടഞ്ഞു.പിന്നെത്തെ ഒരു മണിക്കൂര്‍ എങ്ങനെ തള്ളിനീക്കിയോ ആവോ....  കുറെ  സിനിമാക്കഥകള്‍ ഒര്ത്തുകൊണ്ടിരുന്നു..സമയം രണ്ടര..അയ്യോ...###...   കരണ്ടുപോയി.ഇനി കൊതുകിന്റെ മേളമാവും..കണ്ണും കാണാന് മേലാ...ഇലക്ട്രിസിറ്റി ഓഫീസുകാര്‍ എവിടെപ്പോയിക്കിടക്കാണാവോ?  
                       വീണ്ടും കണ്ണുതുറന്നപ്പോള്‍ മൂന്നര..ഇപ്പോള്‍ കരന്റുണ്ട്.അരണ്ട വെളിച്ചത്തിന്റെ സ്പര്‍ശത്തില്‍ എന്റെ തണുത്ത ഓര്‍മ്മകള്‍ ഉണര്‍ന്നു... ൭൭൭൭    ഉറക്കം വരാതിരുന്ന രാത്രികള്‍...ഓര്‍മ്മകളുടെ കുഴിമാടങ്ങള്‍...ജീവിതത്തിന്റെ താളുകളെ ഇഴകെട്ടി ബന്ധുചിരുന്ന നൂലാമാലകള്‍......സമയത്തിന്റെ പൂര്‍ണതകള്‍....എന്റേത്  മാത്രമായ ചന്തകള്‍....൭൭൭
                                      ഫിലോസഫി അടിച്ചുകേറി വട്ടായോ?? ങേ,,ആരാ അത് ചോദിച്ചത്? ഓ..എന്റെ മനസ്സിന്റെ ശബ്ദമാണത് .സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അസുഖത്തിലും പരാജയങ്ങളിലും വിജയങ്ങളിലും അവള്‍ എന്നോടൊപ്പം ചിരിച്ചു,കരഞ്ഞു..
                           കിളികളുടെ ചിലക്കല്‍!!സമയം അഞ്ചുമണിയായിക്കാണും.അവരുടെ പ്രാര്‍ത്ഥനയാണതെന്നാണു  അമ്മാമ പറഞ്ഞു തന്നിട്ടുള്ളത്.ചിലപ്പോ അമ്മാമ ഉണര്ന്നിട്ടുണ്ടാകും. എന്നിട്ട് കൊന്ത ചെല്ലുന്നുണ്ടാകും.ഞാനൊന്ന് പതുക്കെ മയങ്ങട്ടെ..:-൦
                   
                     
    ~~~നീലത്തടാകത്തിന്റെ കരയില്‍ ഒരു സുന്തരിയായ പെണ്‍കുട്ടി.അവളുടെ വസ്ത്രങ്ങള്‍  സൂര്യകിരണങ്ങളാല്‍ വെട്ടിത്തിളങ്ങി.അവള്‍ മന്ദം മന്ദം തടാകത്തിലെക്കടുക്കുകയാണ്.കയ്യിലുണ്ടായിരുന്ന വെള്ളിക്കുടത്തില്‍ വെള്ളം  നിറച്ചു. നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ജലകണങ്ങള്‍ പതിയെ ചെടികളിലേക്ക് ഒഴിച്ചു. എന്നിട്ട് പൂക്കള്‍ ഇറുത്തെടുത്തു  തന്റെ പൂക്കൂടയിലേക്ക് നിറക്കാന്‍ തുടങ്ങി. അവളുടെ വസ്ത്രാഞ്ചലങ്ങള്‍  മണ്ണിനെ പുണര്‍ന്നു ഇഴഞ്ഞു.നിറഞ്ഞ പൂക്കൂടയുമായി അവള്‍ നടന്നകന്നു.~~~
 

     ശ്ശെടാ..... മുഖമൊന്നു കാണാന്‍ പറ്റീല്ലല്ലോ..ഉറക്കത്തീന്നെണീറ്റ എന്റെ സ്വരം കുറച്ചു ഉറക്കെയായിപ്പോയി.നീയെന്താ പിച്ചും പേയും പറയുന്നത്? ചേട്ടന്‍ ചോദിച്ചു."ഇന്ന്  വളരെ നേരത്തെ എണീ   റ്റല്ലോ"  ഞാന്‍ ക്ലോക്കിലോട്ടു നോക്കി.സമയം 7 .50  എന്ത് ചെയ്യാന്‍? നൈറ്റ്  ഡ്യൂട്ടി  ഉണ്ടായിരുന്നു.
                      ഓഹോ !!എങ്കില്‍ കുറച്ചുകൂടി ഉറങ്ങിക്കോളൂ# day ഡ്യൂട്ടി ആകുമ്പോള്‍ വിളിക്കാം.ചോറ് വെന്തിട്ടില്ല.ഈ ചേട്ടന്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല .ഞാന്‍ പതുക്കെ കട്ടിലില്‍ നിന്നിറങ്ങി പല്ല് തേക്കാന്‍ പോയി. ചുമ്മാ ആകാശത്തോട്ടു നോക്കി നില്‍ക്കാന്‍ രസമായിരുന്നു.ഇന്ന് അവധിയില്ലായിരുന്നെങ്കില്‍ ഞാന്‍ നക്ഷത്രമെണ്ണിയേനെ.


Apr 18, 2011

**maikatha chuvarukal**

നാലുകെട്ടിന്റെ തനിമ
      വിശാലമായ മുറികളും മനോഹാരിത നിറഞ്ഞ ചുവരുകളും കണ്ണുകളെ വിസ്മയിപ്പിക്കുന്ന ദീപാലങ്കാരങ്ങളും ----പരിഷ്കാരത്തിന്റെ ദ്രിശ്യവിഷ്കരമാനിത് .വീടുകളെ വെറും കെട്ടിടങ്ങള്‍ മാത്രമായി സംസ്കരിക്കുന്ന ഈ അസംസ്കാരിക ലോകം കുടുംബമെന്ന അടിസ്ഥാന ഘടകത്തിന്റെ നിലനില്പിനെതന്നെയാണ്  ചൂഷണം ചെയ്യുന്നത്. വീടെന്നത്‌ ഒരു സ്വപ്നമാണു.വിശാലമായ മുറികളും കണ്ണാടികള്‍  പോലെ തെളിഞ്ഞ ചുവരുകളും പടിപടിയായി കയറിപ്പോകുന്ന ചവിട്ടുപടികളും.
                                     
                                          ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഇവയെല്ലാം വിന്യസിപ്പിച്ചാല്‍ അതൊരു വീടാകുമോ?
ഇല്ലേയില്ല.ഫര്നിച്ചരുകളും  ഷെല്‍ഫുകളും നിറഞ്ഞാലും അലങ്കാരവസ്തുക്കള്‍ ഒരുക്കിയാലും അതില്‍ ജീവിക്കുന്നവരെയും അവരുടെ ജീവിതത്തെയും ആശ്രയിച്ചിരിക്കും ആ വീടിന്റെ ആല്മാവ്‌. ജീവിതാവസ്ഥയുടെ   നൂലാമാലകളും  ആഘോഷങ്ങളും വിരുന്നുകളും വിടവാങ്ങലുകളും ആ വീടിന്റെ ചുവരുകളില്‍ കൊത്തി വയ്കപ്പെടുന്നു .
വീടുവിട്ടു പുറത്തിറങ്ങി മറ്റേതോ  സ്ഥലത്തെത്തി  പുറകോട്ടു ചിന്തിക്കുമ്പോള്‍ നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മകള്‍ സംഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോകും.ഗൃഹതുരത്വമുനര്തുന്ന ചിന്തകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു തേങ്ങല്‍ ഉണരുന്നു .സംരക്ഷണത്തിന്റെ പരിവേഷമണിഞ്ഞ വീട് ഒരു സുഹൃത്തിനെ പോലെയോ അമ്മയെപ്പോലെയോ നമ്മുടെ സ്വരങ്ങളെ ഏറ്റു വാങ്ങുന്നു. നമ്മുടെ മേല്‍വിലാസം അറിയപ്പെടുന്നതുതന്നെ വീടിന്റെ പേരിലല്ലേ.
                      പ്രകൃതിശക്തികളില്‍ നിന്നും  തസ്കരന്മാരില്‍നിന്നും  ഒത്തിരി കാത്തവീട്.നമുക്ക് കിട്ടിയ വിജയങ്ങളെ അലമാരയില്‍ വച്ചപ്പോള്‍ ,ചുമരില്‍ തൂക്കിയപ്പോള്‍ നമുക്കുണ്ടായ സന്തോഷം വലുതല്ലേ ? ഈശ്വര നിറഞ്ഞു നില്‍ക്കുന്ന പ്രാര്‍ത്ഥനാ മുറി ,നമ്മുടെ ശരണമന്ത്രങ്ങളെ  ഏറ്റു വാങ്ങിയില്ലേ ? രുചികരമായി അമ്മ പാചകം ചെയ്യുന്ന അടുക്കളയിലല്ലേ  നാമെപ്പോഴും ഓടി ചെല്ലുന്നത്.അറിവിനെ തലയില്‍ കുത്തിനിറക്കുന്ന പഠന മുറിയും നാം വല്ലപ്പോഴും ചെല്ലുന്ന സ്ഥലങ്ങള്‍ .
                                   താമസിക്കുന്നവരുടെ സുഖങ്ങളും ദുഖങ്ങളും തന്നിലേക്ക് വലിച്ചെടുക്കുന്ന വീട്.വീടിനോരാത്മാവുണ്ടെന്നു എവിടെയോ കേട്ടിട്ടില്ലേ?ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മുറി.ആ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണുന്ന വിശാലമായ ആകാശം,മരങ്ങള്‍ ,പക്ഷികള്‍,അവയ്ക്ക് അകമ്പടിയായി എത്തുന്ന ശബ്ദങ്ങള്‍ ,ശാന്തമായി വിശ്രമിക്കാനായി ഒരു കട്ടില്‍ ,തുണികള്‍ വലിച്ചുവാരി ഇട്ടിരിക്കുന്ന ഒരു അലമാര ,ചുവരില്‍ നാം ചെറുപ്പത്തില്‍ ചെയ്ത കലാപ്രകടനങ്ങള്‍ .മറ്റെവിടെയും കിട്ടാത്ത ഒരു പ്രത്യേക അനുഭൂതി അത് നമുക്ക് തരുന്നു.നാം പിച്ചവച്ചു നടന്നിരുന്ന അകത്തളങ്ങളില്‍ ഇപ്പോഴും ആ നേര്‍ത്ത കാലടികള്‍ മുഴങ്ങി കേള്‍ക്കാം.മുട്ടില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന നാളുകള്‍ സങ്കല്‍പ്പിക്കുമ്പോള്‍ തറയില്‍ ഉറങ്ങാന്‍ ഒരു കൊതി. വാശി അങ്ങേയറ്റം ആവുമ്പോള്‍  നിലത്തു കിടന്നുരുണ്ടു കാണിച്ചിരുന്ന കുറുമ്പും കല്ലും മണ്ണും വീട്ടിനകത്തേക്ക്‌  വലിച്ചെറിഞുള്ള  പ്രതിഷേധവും എല്ലാത്തിനും ഒരു ചിരി മാത്രമാണെന്റെ മറുപടി.
                                പെരുന്നാളിന് ജനല്‍കമ്പിയില്‍ തോരണങ്ങള്‍  തൂക്കാന്‍,ക്രിസ്തുമസ്സിനു വീടിന്റെ മുകളില്‍ നക്ഷത്രം തൂക്കാന്‍ --കാട്ടിയിരുന്ന ഉത്സാഹം ഇന്നും സുഖമുള്ള ഒരോര്‍മ്മയാണ്. നമ്മുടെ വീടിനെ ഏറ്റവും മനോഹരമാക്കാന്‍ നാം ശ്രമിച്ചിരുന്നു.
               നമ്മുടെ എല്ലാ ആഘോഷങ്ങള്‍ക്കും വീടായിരുന്നു ആതിഥേയന്‍. തിരക്ക് നിറഞ്ഞ വീഥികളിലൂടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ ആ ആതിഥേയ വേഷവുമായി ,വീടിന്റെ പിന്‍വിളിയുണ്ടാകും . 
                            ഒത്തിരിയേറെ കഥകളും സഹന ജീവിത യാധാര്ത്യങ്ങളും  പുസ്തകത്താളുകളില്‍ നിന്നെന്ന പോലെ വായിച്ചെടുക്കുന്ന വീട്.വിടവാങ്ങലുക;ല തീരാത്ത ഓര്‍മയായി ,ഒരു ചിത്രമായി അവശേഷിപ്പിക്കുന്ന സഹയാത്രികന്‍. വീടിന്റെ ഭാഗങ്ങള്‍ നമ്മുടെ ചില ജീവിതാവസ്ഥകളുടെ പകര്‍പ്പാണെന്നു തോന്നാം.ഇടനാഴികളിലെ ഇരുട്ടും പൂമുഖത്തെ വെളിച്ചവും,ജീവിതത്തിന്റെ ഇരുണ്ട അധ്യായങ്ങളും തുറന്ന കവാട ങ്ങളുമായിരിക്കാം.ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ പോലെ അശാന്തമായ മനസ്സിലേക്ക് സമാധാനമായി പല ആശയങ്ങളും വ്യക്തികളും കടന്നുവന്നിട്ടുണ്ടാകാം.ജനലഴികള്‍ പോലെ തളച്ചിട്ട ദിവസങ്ങള്‍ തരണം ചെയ്യാന്‍ ലഭിച്ച ധൈര്യം എവിടെനിന്നായിരുന്നു? മുറിപ്പാടിന്റെ പല അവസ്ഥകളും 'കര്‍ട്ടന്‍ ' കൊണ്ട് മറക്കുമ്പോള്‍ അവയുടെ പിറകില്‍ കണ്ണുനീരിന്റെ കഥനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.


                             വാഴയിലപോലെ കീറിയ ബന്ധങ്ങള്‍ ഒരിക്കലും യോജിക്കാന്‍ സാധിക്കാതെ ഉണങ്ങിക്കരിഞ്ഞുപോകുന്നു.മാറാല പിടിച്ച കോണുകളും ഒന്ന് ചവിട്ടിയാല്‍ പാറുന്ന പൊടിയും തൂത്തുകളയാന്‍ പലപ്പോഴും മനസ്സില്ലായിരുന്നിരിക്കാം.അലക്കിവിരിച്ച തുണികള്‍ ചുളിഞ്ഞിരിക്കുന്നു.മേശയിലെ പുസ്തകങ്ങള്‍ അലങ്കോലമായിരിക്കുന്നു.ഫാന്‍ നിര്‍ത്താതെ കറങ്ങിക്കൊണ്ടിരിക്കുന്നു.മുറിയിലെ കണ്ണാടിയില്‍ എന്താണ് പ്രതിബിംബിക്കുന്നത്? ചുവരുകളോ അതോ ജീവിതമോ? ചോദ്യചിഹ്ന്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.നിലക്കാത്ത  പ്രവാഹം പോലെ വീടിന്റെ മുക്കും മൂലയും ജീവിതത്തെയാണ് പ്രതിധ്വനിപ്പിക്കുന്നത്.ബാല്യം കടന്നുപോയി.യൌവ്വനം കടന്നുപോകുമോ?കടന്നുപോകരുതെന്നാഗ്രഹിച്ച  ബാല്യം ഇനി കൈകളില്‍ ഗോലികള്‍ പെറുക്കിത്തരില്ല.മേശപ്പുറത്തു ചോക്കുപെന്സിലിനു പകരം പുസ്തകങ്ങളാണ്.എങ്കിലും കിണറ്റിലെ ജലം ഇനിയും വറ്റിവരണ്ടിട്ടില്ല.പൂമുഖത്തെ ചാരുകസേര ഇതുവരെയും ഒടിഞ്ഞിട്ടില്ല.തിരശീല മാറ്റി യധാര്ത്യതിലേക്ക് കാല്കുത്തുമ്പോള്‍ അപ്പച്ചനതാ വീടിന്റെ തിണ്ണയിലിരിക്കുന്നു.കളിയും ചിരിയുമായി നാമും അവിടെയുണ്ട്.മുട്ടത്തു കോഴിയും പൂച്ചയും ഏറ്റുമുട്ടുന്നു.നമ്മുടെ കാലുകള്‍ക്ക് ചലനം സംഭവിച്ചോ? വീടിന്റെ ചുവരില്‍ കരിക്കട്ടകൊണ്ട് കൊത്തിവറച്ച കൈകളതാ കല്ലെടുത്തെറിയുന്നു.
           വീടിന്റെ ആത്മാവിലെക്കിറങ്ങുമ്പോള്‍ പഴയ കൂട്ടുകുടുംബത്തിന്റെ  സന്തോഷം കാണാം. അലയടികള്‍ കേള്‍ക്കാം.കാളവണ്ടിയുടെ മണിക്കിലുക്കവും തേക്കിന്റെ പാട്ടും  കോമന്റെ അധ്വാനവും ഓര്‍ക്കാം. 
                    ഘടികാരത്തിന്റെ സൂചി കറങ്ങുന്ന പോലെ ജീവിതത്തിന്റെ ചക്രവ്യൂഹം  കറങ്ങുമ്പോള്‍, വീടിന്റെ അകത്തളത്തിലേക്ക്  കടന്നുചെല്ലാം.അവിടെ ഈശ്വരനുണ്ട്. വറ്റാത്ത സ്നേഹത്തിന്റെ ഉറവയുമായി കുടുംബാംഗങ്ങളുണ്ട്. വൃക്ഷത്തിന്റെ തണലുമായി അനുഭവങ്ങളുണ്ട്.
                                  വ്യക്തിത്വത്തിന്റെ  വേരുകള്‍ അഴ്ന്നിറങ്ങിയിരിക്കുന്ന കുടുംബത്തിന്റെ അടിസ്ത്ഥാനം ഉറപ്പിച്ചിരിക്കുന്നത് വീടിന്റെ ആത്മാവിലാണ്. പ്രതികരണമില്ലാതെ, യാന്ത്രികമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ ഉണര്‍ത്താന്‍ നാളങ്ങള്‍ ഉയരട്ടെ. ഈ നാളങ്ങളുടെ ഉത്ഭവം വീടുകളില്‍നിന്നാവണം.നാലൂ ചുവരുകള്‍ നാലൂ  ബിംബങ്ങള്‍ ആകട്ടെ. ഇനിയും നമ്മുടെ വീടിനെ സ്നേഹിക്കുന്നില്ലേ? ഓര്‍മ്മകളുടെ ഉച്ചസ്ഥായിയില്‍  പുറകോട്ടു നടക്കൂ. പുരാതനമായ കൂട്ടുകുടുംബത്തിലെക്കും നാലുകെട്ടിന്റെ പഴമയിലേക്കും  ഉള് വിളികളുയരട്ടെ !!!!!  



                  

Jan 6, 2011

OLANGALILUDE ORU BALYAM

അരണ്ട ബള്‍ബിന്റെ പ്രകാശത്തില്‍ കുഞ്ഞുമോന്‍ പുസ്തകം വായിക്കുകയായിരുന്നു .ചുറ്റുമുള്ള ഇരുട്ടിന്റെ മറവില്‍ നിന്നും ചിവീടുകളുടെ ശബ്ദം .പിന്നെയും എന്തൊക്കെയോ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍.ഇതൊന്നും കുഞ്ഞുമോനെ ബാധിച്ചില്ല.അവന്‍ ശ്രദ്ധയോടെ പേജുകള്‍  മറച്ചുകൊണ്ടിരിക്കുന്നു.ലൈബ്രറിയില്‍ നിന്നും എടുത്ത ബുക്കാന് .അതിലെ പ്രധാന കഥാപാത്രമായ ടോട്ടോച്ചാനെ അവനു ഇഷ്ടപ്പെട്ടു.നല്ല വികൃതി പയ്യന്‍.അവന്റെ തിവണ്ടി ബോഗികളിലെ ക്ലാസ്സ്‌ മുറികളില്‍ ഓടിച്ചാടി കളിയ്ക്കാന്‍ കുഞ്ഞുമോനു കൊതിയായി.ആ കഥയിലെ ഹെട്മാസ്ടരെയും  തന്റെ ഹെട്മാസ്ടരെയും അവന്‍ ഭാവനയില്‍ കണ്ടു. രണ്ടും രണ്ടുതരം.
                           "കുഞ്ഞുമോനെ കിടന്നുറങ്ങാന്‍ നോക്ക്,"അമ്മ വിളിച്ചു പറഞ്ഞു. അതിനുമുന്പേ തന്നെ അവന്റെ കുഞ്ഞിക്കന്നുകള്‍ അടഞ്ഞു തുടങ്ങിയിരുന്നു.പിറ്റേന്ന് സുര്യപ്രകാശം കണ്ണില്‍ വീണപ്പോഴാണ് അവന്‍ എഴുന്നെല്കുന്നത്.വേഗം പോയി കയ്യും കാലും മുഖവും കഴുകി.ഭക്ഷണം കഴിച്ചു സ്കുളിലോട്ടോടാന്‍ തുട്ങ്ങിയപ്പോഴാണ് പുസ്തകം തപ്പുന്നത്.എവിടെപ്പോയി?കാണുന്നില്ലല്ലോ!
                                      പുറത്തു കൂട്ടുകാരുടെ ബഹളം .വേലി ചാടിക്കടക്കുമ്പോഴും കുഞ്ഞുമോന്റെ ഉള്ളില്‍ ടോട്ടോച്ചാന്‍ ആയിരുന്നു.ക്ലാസ്സില്‍ തലങ്ങും വെലങ്ങും നോക്കി അവന്‍ ഇരുന്നു. വൈകിട്ട് ബെല്ലടിച്ചതെ  കേട്ടുള്ളൂ. പിന്നോരോട്ടമായിരുന്നു.മഴപെയ്തതും നനഞ്ഞുകുളിച്ചതും അവന്‍ അറിഞ്ഞില്ല.വീട്ടിലെത്തി മുക്കും മൂലയും അരിച്ചുപെറുക്കി.നോക്കുമ്പോഴതാ ചായ്പ്പിന്റെ മുലയില്‍ പാതിനണഞ്ഞു കിടക്കുന്നു .ഇന്നലെ ഉറക്കം വന്നിട്ട് അറിയാതെ ഇട്ടതാണ്.
             പുസ്തകം ഉണക്കിയെടുത്തപ്പോഴേക്കും രണ്ടു ദിവസ്സം കഴിഞ്ഞിരുന്നു."നീയെന്താട ഈ കത്തിയിരുന്നു വായിക്കുന്നത്?നാളെ പരീക്ഷ വല്ലതും ഉണ്ടോ"കുഞ്ഞുമോന്‍ പുസ്തകതില്‍നിന്നും തലയുയര്‍ത്തിനോക്കി."ഈ അമ്മയുടെ ഒരു കാര്യം!എന്തേലും വായിക്കണേല്‍ പരിക്ഷയവാണോ!അതെങ്ങനെയാ അമ്മക്ക് എഴുതാനും വായിക്കാനും അറിഞ്ഞിട്ടുവേണ്ടേ"അവന്‍ വിചാരിച്ചു.അവന്‍ വീണ്ടും പുസ്തകവായനയില്‍ മുഴുകി.ടോട്ടോച്ചാന്റെ  സ്കൂള്‍ അവനു നന്നേ ഇഷ്ടപ്പെട്ടു.അതിന്റെ സൌന്ദര്യം അവനെ ആകര്‍ഷിച്ചു.അവിടത്തെ ഓരോപുല്തകിടിയും മണ്ണും തന്റെതാണെന്ന് അവന്‍ കരുതി.എത്ര ഉണ്മെഷത്തോടെയാണ് ടോട്ടോ ആ സ്കൂളില്‍ പോയിരുന്നത്.
                                           പിന്നീട് തന്റെ സ്കൂളില്‍ പോകുമ്പോള്‍ ,ഓരോ  ക്ലാസ് മുറിയും കാണുമ്പോള്‍ കുഞ്ഞുമോനു അത് ടോട്ടോയുടെ തീവണ്ടിമുറ്യായി തോന്നാന്‍ തുടങ്ങി.രണ്ടാഴ്ച കഴിഞ്ഞു അവന്‍ ബുക്ക് ലൈബ്രറിയില്‍ തിരികെ കൊണ്ട് കൊടുത്തു.അവിടെ അവന്റെ ക്ലാസ് ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു.അദ്ദേഹം ചോദിച്ചു:എന്താ കുഞ്ഞുമോന്‍ ഇവിടെ വന്നുനില്കുന്നത് ?ബുക്ക് തിരികെ വെക്ക്യനാ .അവന്‍ മറുപടി  പറഞ്ഞു.മോനു  വായിക്കാന്‍ നല്ല ഇഷ്ടമാണോ?ഉവ്വ് മാഷെ.ആട്ടെ നീ ഏത് പുസ്തകമാ വായിച്ചേ?"ടോട്ടോച്ചാന്‍".അതിലെ ടോട്ടോച്ചന്റെ വികൃതികളൊക്കെ ഇഷ്ടപ്പെട്ടോ?അവന്റെ സ്കുളിനെ ഇഷ്ടപ്പെട്ടോ?ങ്ങാ...... പെട്ടന്നായിരുന്നു കുഞ്ഞുമോന്റെ ഉത്തരം.മാഷ് തുടര്‍ന്ന്.നമ്മളും അതുപോലെ നമ്മുടെ സ്കുളിനെ ഇഷ്ടപ്പെടണം .നാളത്തെ  പരിസ്ഥിതി വാരാഘോഷത്തിനു കുഞ്ഞുമോനും വരണം കേട്ടോ.
                             രാത്രി  ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എന്തൊക്കെ പരിപാടികള്‍ ചെയ്യണമെന്നായിരുന്നു അവന്റെ ചിന്ത.പിറ്റേന്ന് സ്കുള്‍ ക്ലീന്‍ ചെയ്യുന്നതിനും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും കുഞ്ഞുമോനു എന്തൊരു ഉള്സാഹമായിരുന്നെന്നോ ? അവനും കൂട്ടുകാരും ചേര്‍ന്ന് ചെതലുപിടിച്ചുകിടന്ന മേല്കുരയുടെ കഴുക്കൊലുകളും മാറാല പിടിച്ചുകിടന്ന ചുമരിന്റെ കോണുകളും വൃത്തിയാക്കി.പോടീ തൂതുകലയുമ്പോള്‍ അത് കണ്ണിലേക്കു വീണു അവന്റെ കണ്ണ് നീറി.
                            എല്ലാറ്റിനുമൊടുവില്‍ സ്കുളിന്റെ അരികിലൂടെ ഒഴുകുന്ന നന്തുണി പുഴയില്‍ ചാടി ഒരുകുളിയും പാസ്സാക്കി  കുഞ്ഞുമോന്‍.പുഴയുടെ ഓളങ്ങളില്‍ ഊളിയിടുമ്പോള്‍  കുഞ്ഞുമോന്‍ കോരിത്തരിച്ചു. ഇവനൊരു  ഉഗ്രന്‍ നീന്തല്‍ക്കരനാണ് കേട്ടോ. മിക്കവാറും എല്ലാ  വൈകുന്നേരങ്ങളിലും അവന്‍ ചെട്ടന്റെയോപ്പം വന്നു നീന്തിക്കളിക്കാറുണ്ട്.ആ ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസാണ് നന്തുണി പുഴ . ഗ്രാമത്തിന്റെ ജീവനീരു.    
                                                             അവിടത്തെ ഗ്രാമാവസികളെല്ലാം മാസത്തിലോരിക്കലെങ്കിലും സഭ സമ്മേളിക്കുമായിരുന്നു , പുഴയുടെ തീരത്ത്.പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍,ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍,അലെങ്കില്‍. ഗ്രാമത്തിന്റെ വളര്‍ച്ചയെ വിലയിരുത്താന്‍  തുടങ്ങിയവക്കുവേണ്ടി.ഈ നേരം നമ്മുടെ കുഞ്ഞുമോന്‍ എന്ത് ചെയ്യുമെന്നോ?പുഴവെള്ളത്തില്‍ കല്ലെരിഞ്ഞുകളിക്കും,മീന്‍ പിടിക്കും.അവനെന്തിനാ ഈ വെല്ല്യ വെല്ല്യ കാര്യാങ്ങളില്‍ തലപുകക്യുന്നത്‌?അവനെന്നും തന്റെ ബാല്യത്തെ  പൂവണിയിക്കുന്ന ഗ്രാമത്തെയും വിദ്യാലയത്തെയും  സ്നേഹിച്ചു  അതില്‍ ലയിച്ചു ഒഴുകിക്കൊണ്ടിരുന്നു.
                       ********      *******       ********
 അവന്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് ജയിച്ചു.സ്കുള്‍ തുറക്കാറായി.അത് സൂജിപ്പിച്ചുകൊണ്ട്‌ ഇടിയും വെട്ടുമായി മഴമേഘങ്ങളും വന്നണഞ്ഞു.പ്രകൃതിയെ കുളിരനിയിപ്പിച്ചു ."ഹുര്ര്രേ ......"കുഞ്ഞുമോന്‍ പറഞ്ഞു.ആര്ര് പ്പോയ്     ....ഇര്ര് റോയ്....അവനും കൂട്ടുകാരും ചങ്ങാടം തള്ളിനീക്കുകയാണ്.മഴയത്  മരഞ്ഞുവീനു കിടന്ന വാഴപ്പിണ്ടികള്‍ കൂട്ടി ഇട്ടുണ്ടാക്കിയതായിരുന്നു ചങ്ങാടം.കുത്തിയോളിക്കുകയാണ് നന്തുണി പുഴ.പിള്ളേര്‍ക്കെല്ലാം ബഹുസന്തോഷം. കലക്കവെള്ളത്തില്‍ മീന്പിടിച്ചും ചങ്ങടങ്ങളില്‍ സര്‍വീസ് നടത്തിയും കടലാസുതോണികള്‍ ഒഴുക്കികളിച്ചും അവര്‍ മഴയെ ആസ്വദിക്കുകയായിരുന്നു.കുട്ടികളുടെ സ്ഥിതി ഇതായിരുന്നെങ്കിലും മുതിര്‍ന്നവര്‍ക്ക് ആശങ്കയായിരുന്നു.മഴ ഇനിയും വര്‍ധിച്ചാല്‍ കൃഷി നശിക്കും.ഇപ്പോള്‍ തന്നെ പലര്ക്കും പണിക്കുപോകാന്‍ പറ്റുന്നില്ല.വീട്ടിനുള്ളില്‍ അടച്ചിരിപ്പാന് എല്ലാവരും.അവരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട്  മഴ കൂടുതുല്‍ ശക്തി പ്രാപിക്കുകയായിരുന്നു .അവരുടെ ഗ്രാമത്തില്‍ മാത്രമായിരുന്നില്ല ഈ സ്ഥിതി.കേരളം മുഴുവന്‍ തോരാത്ത മഴയുടെ കുടക്കീഴില്‍ ആയിരുന്നു.
                            നന്തുണി പുഴ കരകവിഞോഴുകാന്‍  തുടങ്ങി.വീടുകളില്‍ വെള്ളം കയറി.പാവം ജനങ്ങള്‍.തങ്ങളുടെ കിടപ്പാടവും ഭൂമിയും വിട്ടു കിട്ടിയ സമ്പാദ്യവും കെട്ടിപ്പറക്കി വള്ളങ്ങളില്‍  ഗ്രാമം ഉപേക്ഷിച്ചു പോകാന്‍ തുടങ്ങി.കുഞ്ഞുമോന്റെ വീട്ടിലും വെള്ളം കേറി.വീട്ടിനകത്ത് അവന്റെ അരക്യോപ്പമായിരുന്നു വെള്ളം.അവനും തന്റെ വീടിനെയും ഗ്രാമത്തെയും ഉപേക്ഷിച്ചുപോകേണ്ടി വന്നു.
               വള്ളങ്ങള്‍ വരിവരിയായി  മുന്നോട്ട്.വിശാലമായി പരന്നൊഴുകുന്ന നന്തുണിയുടെ കൈകളിളുടെ തുഴഞ്ഞുനീങ്ങി.കുഞ്ഞുമോന്‍ ചുറ്റും കണ്ണോടിച്ചു.വെള്ളത്തിലൂടെ ഒഴുകിവരുന്ന മരക്കഷണങ്ങള്‍ ,വാഴക്കുല,ഒഴുകിനീങ്ങുന്ന ഒരുപറ്റം സാമഗ്രികള്‍ക്ക് മുകളില്‍ കമിഴ്ന്നുകിടക്കുന്ന കുടത്തിനു മുകളില്‍ പൂവന്‍കോഴിയും.ചുറ്റുമുള്ള വള്ളങ്ങളിലുള്ള കൂട്ടുകാരും വിഷമത്തോടെ നോക്കുന്നുണ്ട്.               എവിടേക്ക്?                     എത്രനാള്‍?            എന്നുമടങ്ങും എന്നറിയാത്ത യാത്ര.
                                       ഒരായിരം ചോദ്യങ്ങള്‍ക്  നടുവില്‍ അവന്‍ ആ കാഴ്ചയും കണ്ടു.സ്കുള്‍ .....വെള്ളം കയറി ആരോരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ നമ്മുടെ പ്രിയ്യപ്പെട്ട വിദ്യാലയം കാറ്റിലും ശക്തമായ മഴയിലും തകരാറായി നില്‍ക്കുന്ന മേല്‍ക്കൂരയും ചുമരുകളും .തന്റെ പ്രിയ്യപ്പെട്ട വിദ്യാലയത്തെ അവസാനമായി നോക്കി നിന്ന ടോട്ടോച്ചാനെ പോലെ കുഞ്ഞുമോനും നോക്കിയിരുന്നു.അവന്റെ മുമ്പിലൂടെ ആ പുസ്തകം ഒഴുകി നീങ്ങി.